കേരളത്തിന്റെ തീരവികസനത്തിന് കേന്ദ്രസഹായം അനിവാര്യം: മന്ത്രി സജി ചെറിയാന്
കേന്ദ്ര സംഘം മടക്കര ഹാര്‍ബര്‍ സന്ദര്‍ശിച്ചു
കാസര്‍കോട്; സംസ്ഥാനത്തെ തീര മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ആവശ്യവും കേരളത്തിന് ലഭിക്കുന്ന കേന്ദ്ര പദ്ധതികളും തമ്മില്‍ പരിശോധിച്ചാല്‍ വളരെയേറെ പിന്തുണയും സഹായവും ഇനിയും ആവശ്യമുണ്ടെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കേന്ദ്ര ഫിഷറീസ് ,മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല മടക്കര ഹാര്‍ബര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി എത്തിയത്. സാങ്കേതിക കാരണ്ങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി എത്താതിരുന്നതിനാല്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. തീരമേഖലയുടെ വികസനത്തിനായി വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുള്ളത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായേക്കാം. പക്ഷെ കേരളത്തിന്റെ പൊതുവായ വികസനത്തിന് പ്രത്യകിച്ച് മത്സ്യ ബന്ധന മേഖലയുടെ വികസനത്തിന് വലിയ തരത്തിലുള്ള സഹായമുണ്ടാകുമെന്ന നിലപാട് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്. അതിന്റെ ഭാഗമായി ധാരാളം കര്‍മ പദ്ധതികള്‍ കേന്ദ്ര മന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാന് പറഞ്ഞു. ഫിഷിംഗ് ഹാര്‍ബറുകള്‍, ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, മാര്‍ക്കറ്റുകള്‍, എന്നിവയുടെ വികസനവും കോളനികളുടെ അടിസ്ഥാന വികസനവും കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. ചെറുവത്തൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനത്തിനായി വിശദമായ ഡി.പി.ആര് നല്‍കിയിരുന്നു. നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ സൗകര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിപിആര്‍ സമര്‍പ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി യോട് കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്താമെന്ന് എംപിഉറപ്പ് നല്‍കിയിട്ടുണ്ട്. ഓക്ഷന് ഹാള്‍, പാര്‍ക്കിംഗ് ഏരിയ , മത്സ്യലേലപ്പുരയുടെ ആധുനിക വല്കരണം പുലിമുട്ടുകള്ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കല്‍, തുടങ്ങി നാല്പത് കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കാനായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിന്റെ 60 ശതമാനം തുക കേന്ദ്രവും നാല്പത് ശതമാനം തുക സംസ്ഥാനവുമാണ് ചെലവഴിക്കുന്നത്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് ധാരാളം പദ്ധതികള്‍ സംസ്ഥാനം ഇതിനകം കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ആ പദ്ധതികള്‍ക്കെല്ലാം കേന്ദ്ര ഫിഷറീസ് ,മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയുടെ സന്ദര്‍ശനത്തോടെ സഹായകരമായ നിലപാട് ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മടക്കര ഹാര്‍ബര്‍ പരിസരത്ത് നടന്ന പരിപാടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എം രാജഗോപാലന്‍ എംഎല്‍എ, ദേശീയ മത്സ്യ വികസന ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഡോ. സി സുവര്‍ണ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിവി പ്രമീള, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി സജീവന്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.എസ് ശ്രീലു, ഹാര്‍ബര്‍ സൂപ്രണ്ടിംഗ് എഞ്ചീനീയര്‍ മുഹമ്മദ് അന്‍സാരി എന്നിവര്‍ പങ്കെടുത്തു.പരിപാടിയില്‍ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മടക്കര ഫിഷിംഗ് ഹാര്‍ബര്‍ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്രസംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.