ആഡംബര കാറിൽ ചേയ്സ്, 1.5കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ പിടികൂടി തമിഴ്നാട് പൊലീസ്
മൂന്നാര്‍: വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങി മലയാളി യുവാക്കള്‍. സിനിമാ സ്റ്റൈലിലെ ചെയ്സിന് പിന്നാലെ പിടികൂടി തമിഴ്നാട് പൊലീസ്. മൂന്നാര്‍ പൊലീസിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെയാണ് ചാലക്കുടി സ്വദേശികളെ പിടികൂടിയത്. ഇരുപത്തിയാറുകാരനായ ഫെബിന് സാജു സുഹൃത്തായ എഡ്വിന് തോമസ് എന്നിവരെയാണ് തിരുനെല്‍വേലി പൊലീസ് പിടികൂടിയത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച യുവാക്കളുടെ വാഹനം റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നതോടെയാണ് സിനിമാ സ്റ്റൈല്‍ ചെയ്സിന് അന്ത്യമായത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുനെല്‍വേലിയിലെത്തി വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. യുവാക്കള്‍ കേരളത്തിലേക്ക് മുങ്ങിയതോടെ വ്യവസായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിച്ച് താമസിക്കുന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസിനെ കണ്ട പ്രതികള്‍ ആഡംബര വാഹനത്തില്‍ റിസോര്‍ട്ടിന്റെ കവാടം ഇടിച്ച് തെറിപ്പിച്ച് കടന്ന് കളയുകയായിരുന്നു. ഇവരുടെ സഞ്ചാരപഥം കണ്ടെത്തിയ പൊലീസ് ചിന്നക്കനാലില്‍ നിന്നും ഇവരെ പിന്തുടരുകയായിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ ദേവികുളത്തിന് സമീപത്ത് ടോള്‍ ഗെയിറ്റില്‍ തടയാനായിരുന്നു പൊലീസ് ശ്രമിച്ചത്. എന്നാല്‍ ടോള്‍ ഗെയിറ്റ് ഇടിച്ച് തെറിപ്പിച്ച് വാഹനം മൂന്നാറിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
വഴിയില്‍ വച്ച് മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശമനുസരിച്ച് വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ട് അമിതവേഗതയില്‍ പിന്നോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യുവാക്കളുടെ വാഹനം മറ്റ് വാഹനങ്ങളില്‍ ഇടിച്ച് സംരക്ഷണ ഭിത്തിയില്‍ ഉടക്കി നിന്നത്. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന നിരവധി വാഹനങ്ങള്‍ യുവാക്കളുടെ പരാക്രമത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സംരക്ഷണ ഭിത്തിയിലിടിച്ച് നിന്ന വാഹനത്തില്‍ നിന്ന് പണവും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ ആഡംബര വാഹനം ഇടിച്ച് സെവന്‍മല സ്വദേശി ദിനേശ് കുമാറിന്റെ ഓട്ടോയ്ക്കും, മുഹമ്മദ്ദ് അഷറഫ് ഓടിച്ച കാറിനും, ടെബോ ട്രാവലറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ കാര്‍ ഡ്രൈവറായ മുഹമ്മദ്ദ് അഷറഫിന് കൈയ്ക്ക് സാരമായി പരിക്കേറ്റു. കേരളത്തിലും പുറത്തുമായി 8 മോക്ഷണ കേസുകള്‍ നിലവിലുള്ളയാളാണ് ചാലക്കുടി സ്വദേശി ഫെബിന് സാജു. എഡ്വിന് തോമസിന് കാസര്‍കോട്, മലപ്പുറം, ചാലക്കുടി എന്നിവിടങ്ങളിയായി സമാനമായ കേസുകളുണ്ട്.