കാസർകോട് : ഉറക്കമൊഴിച്ചു വാഹനം ഓടിക്കുന്നവർക്ക് ഉണർവേകാൻ കാസർകോട് –-കണ്ണൂർ ദേശീയ പാതയിൽ സഹകരണസംഘത്തിന്റെ കട്ടൻ ചായയും കട്ടൻ കാപ്പിയും.
രാത്രികാലങ്ങളിൽ അപകടം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാസർകോട് ജില്ല പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സഹകരണ സൊസൈറ്റി നൂതന സംരംഭവുമായി വന്നത്. കാസർകോട് വിദ്യാനഗർ പെട്രോൾ പമ്പിന് എതിർവശമാണ് സ്വയം പ്രവർത്തിപ്പിക്കാവുന്ന ബൂത്ത് ഒരുക്കിയിരിക്കുന്നത്.രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ കാപ്പി, ചായ, കുടിവെള്ളം എന്നിവ സൗജന്യമായി ലഭിക്കും.14ന് വൈകിട്ട് 5ന് വിദ്യാനഗർ ബസ്സ്റ്റാൻഡ് പരിസരത്ത് കലക്ടർ ഡോ. സജിത്ത് ബാബു ഉദ്ഘാടനം നിർവഹിക്കും.
ഒരു ലക്ഷം രൂപ ചെലവിലാണ് റോഡരുകിൽ മിഷിൻ സ്ഥാപിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി കെ രാജൻ, പി വി ഭാസ്കരൻ, എംഎ അബ്ദുൾ ഖാദർ, വി താമരാക്ഷൻ എന്നിവർ പങ്കെടുത്തു.