‘പേരിനു പോലും ഒരു മുസ്ലിമില്ല, വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണെന്നുപോലും നേതൃത്വം ഓർത്തില്ല; സത്താര്‍ പന്തല്ലൂര്‍
കോൺഗ്രസ് ഒരു പുനഃസംഘടന പൂർത്തിയാക്കിയപ്പോള്‍ കാസർകോട്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ലെന്ന് സമസ്ത വിദ്യാര്‍ഥി നേതാവ് സത്താര്‍ പന്തല്ലൂര്‍.
ജാതി,മത, ഗ്രൂപ്പ്, പ്രാദേശിക സമവാക്യങ്ങൾ പാലിച്ചാണ് തങ്ങൾ പുനഃസംഘടനകൾ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസിലാകും. പക്ഷേ 37ശതമാനം മുസ്ലിം ജനസംഖ്യയുള്ള കാസർകോട്ടും 32ശതമാനം മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്നും സത്താര്‍ ഫേസ്ബുക്കില്‍ കുറിച്ചു.വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയിൽ നേതൃത്വം ഓർത്തില്ല. കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ലെന്നും സത്താര്‍ പറഞ്ഞു.