ലിവിംഗ് ടുഗേദർ പങ്കാളിയായ 36കാരിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചു; 56കാരൻ അറസ്റ്റിൽ
മുംബയ്: രാജ്യത്ത് വീണ്ടും ശ്രദ്ധാ വാൽക്കർ മോഡൽ കൊലപാതകം. ലിവിംഗ് ടുഗേദർ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ 56കാരൻ മുംബയിൽ അറസ്റ്റിലായി. മുംബയിലെ മിറ റോഡിലാണ് സംഭവം. പങ്കാളിലെ കൊന്ന് മരംമുറിക്കുന്ന ഉപകരണംകൊണ്ട് മൃതദേഹം കഷ്ണങ്ങളാക്കിയതിനുശേഷം ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മനോജ് സഹാനിയാണ് അറസ്റ്റിലായത്.
സരസ്വതി വൈദ്യ (36) ആണ് കൊല്ലപ്പെട്ടത്. ഇരുവരും മൂന്ന് വർഷമായി ഗീതാ നഗറിലെ ഗീത ആകാശ് ദീപ് ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. ബോപിവാലിയിൽ ഒരു ചെറിയ കട നടത്തുകയായിരുന്നു മനോജ്. ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇന്നലെ വൈകിട്ട് അയൽക്കാർ പൊലീസിൽ അറിയിച്ചതിനെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
പൊലീസെത്തി പരിശോധിച്ചപ്പോൾ ശരീരഭാഗങ്ങൾ അഴുകിയ നിലയിലായിരുന്നു. മൂന്നോ നാലോ ദിവസം മുൻപാണ് കൊല നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനെത്തുടർന്നാണ് മനോജ് സരസ്വതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസെത്തിയപ്പോൾ മനോജ് തെളിവുകൾ ഒളിപ്പിക്കാൻ നോക്കിയെന്നും മറ്റ് രണ്ടുപേരെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.