പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മദ്രസാ അധ്യാപകന് പത്ത് വര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ നിയമ പ്രകാരമുള്ള കേസിലെ പ്രതിയായ മദ്രസാ അധ്യാപകന് കോടതി 10 വര്‍ഷം തടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. ദേളി കുന്നുപാറയിലെ എം.എ ഉസ്മാനെ(43)യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സുരേഷ്കുമാര്‍ സി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 4 മാസം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.2022 മാര്‍ച്ച് മാസത്തില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ഉസ്മാന് പീഡിപ്പിച്ചെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷ നിയമം 354(എ)(1)(ഐ) പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും പോക്സോ ആക്ട് 10 ആര് ഡബ്ല്യു 9(എഫ്) പ്രകാരം ഏഴു വര്‍ഷം സാധാരണ തടവും 60,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവുമാണ് വിധിച്ചത്.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വിജയന് വി.കെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന് എ ഹാജരായി.