മാസങ്ങള്‍ നീണ്ട പരിശീലനം ; കീഴൂര്‍ കളരി അമ്പലത്തില്‍ പൂരക്കളി അരങ്ങേറ്റം കുറിച്ചു,
രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പെന്ന് വിശ്വാസികള്‍
കാസര്‍കോട് : പട്ടുവം തൊട്ട് പനമ്പൂര്‍ വരെയുള്ള പതിനാല് നഗര ക്ഷേത്രങ്ങളില്‍ ഏറെ സവിശേഷതയും ആചാര അനുഷ്ഠാനങ്ങള്‍ കൊണ്ടും പ്രാധാന്യമുള്ള കീഴൂര്‍ കളരി അമ്പല തിരുമുറ്റത്ത് വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്ര അനുഷ്ഠാന കലയായ പൂരക്കളി അരങ്ങേറി. ക്ഷേത്ര സ്ഥാനികരും സി. രാഘവന് പണിക്കരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. മാസങ്ങള്‍ നീണ്ട തീവ്ര പരിശീലനത്തിന് ശേഷമാണ് മുപ്പത്തോളം കലാകാരന്മാര് അരങ്ങിലെത്തിയത് . രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കളരി അമ്പല തിരുമുറ്റത്ത് ആദ്യമായി പൂരക്കളി കാണാനായ സന്തോഷത്തിലാണ് വിശ്വാസികളും കലാകാരന്മാരും.ഒദോത്ത് നഗരം ചൂളിയാര്‍ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിലെ സി. ഗജേന്ദ്രന് പണിക്കര്‍, പൂരക്കളി കലാകാരന് കെ. സതീശന് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.അരങ്ങേറ്റത്തിന് ശേഷം നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.വി. പത്മകുമാര്‍ അധ്യക്ഷനായി. മൂത്ത ചെട്ടിയാര്‍ച്ചന്‍ രാഘവന് മുള്ളേരിയ, കാരണവര്‍ കൃഷ്ണന് കീഴൂര്‍, ചന്തനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രം മൂത്ത ചെട്ടിയാര്‍ച്ചന്‍ രാഘവന് എന്നിവര്‍ പരിശീലകരെ പൊന്നാടയും പുരസ്കാരവും നല്കി ആദരിച്ചു.ജനറല്‍ സെക്രട്ടറി കെ. അശോകന്, പതിനാല് നഗരം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം. പുരുഷോത്തമന് , കളരി അമ്പലം തെയ്യം പണിക്കര്‍ എം.കെ. നിജേഷ്, മുന്‍ പ്രസിഡന്റ് എന്‍. രാജന് ,ക്ഷേത്ര വാദ്യസംഘം ഗുരുനാഥന് ബാലകൃഷ്ണന് ഒദോത്ത്, കെ. മധു എന്നിവര്‍ സംസാരിച്ചു.