കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാന്‍ ശ്രമം; പ്രതികള്‍ പിടിയില്‍
ആലപ്പുഴ: എരമല്ലൂര്‍ ചേന്നമന ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുന്ന സ്ത്രീയെ കടയില്‍ അതിക്രമിച്ചു കയറി കത്തി കഴുത്തില്‍ വച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അരൂര്‍ പൊലീസ് പിടികൂടി. പള്ളുരുത്തി തങ്ങള്‍ നഗറില്‍ വലിയ വീട്ടുപറമ്പ് ഷഹീദ്, തങ്ങള്‍ നഗര്‍ വഴുക്കോലില് വീട്ടില്‍ കരുണ്‍ സോമന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മെയ് 27 ന് നടന്ന സംഭവത്തിന് ശേഷം പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അരൂര്‍ പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ഉപയോഗിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റ് ആണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒടുവിലാണ് പ്രതികള്‍ വലയിലായത്.
ഷഹീദിന്റെ വാഹനത്തിന്റെ നമ്പര്‍ മാറ്റം വരുത്തിയാണ് പ്രതികള്‍ കൃത്യത്തിനായി ഉപയോഗിച്ചത്. അരൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനില്‍കുമാര്‍, ബഷീര്‍ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, നിതീഷ് ലിജോ മോന് ശ്രീജിത്ത് വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.