വഴി ചോദിക്കാനെന്ന വ്യാജേന… കാറിലെത്തിയ സഹോദരങ്ങള്‍ നടന്നുപോയ വീട്ടമ്മയുടെ മാല പൊട്ടിച്ചു
മാരാരിക്കുളം: റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അഭിലാഷ് ഭവനത്തില്‍ അഭിജിത്ത് (22), സഹോദരന് അഭിലാഷ് (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവിഴ ഒട്ടോകാസ്റ്റില് ജോലി ചെയ്തിരുന്ന കഞ്ഞിക്കുഴി കാര്ത്തുവെളി വീട്ടില്‍ പ്രഭാവതി (65) കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 10 -ന് തിരുവിഴ ഫ്രെഷ് എന്‍ ഫൈന്‍ സുപ്പര്മാര്ക്കറ്റിന് സമീപം കിഴക്കോട്ടുള്ള റോഡിലൂടെ നടന്ന് പോയ സമയം കാറില്‍ വന്ന പ്രതികള്‍ വഴി ചോദിക്കാനെന്ന വ്യാജേന എത്തി കഴുത്തില്‍ കിടന്ന മാലപൊട്ടിച്ചെടുക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ച പ്രഭാവതിയെ ഉപദ്രവിക്കുകയും ചെയ്തു. സമീപത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം പത്തനംതിട്ട സ്വദേശിയുടെതാണെന്ന് ബോധ്യമായി. ഈ വാഹനത്തിന്റെ ഉടമയെ തേടി പൊലീസ് പാര്‍ട്ടി പത്തനംതിട്ടയില്‍ എത്തുകകയും, ഉടമ അവിടെ താമസം ഇല്ലായെന്ന് മനസ്സിലാക്കുകയും, തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ അവര്‍ വാടകക്ക് താമസിക്കുന്ന വീയ്യപുരത്ത് ചെന്ന് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. മാരാരിക്കുളം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ വി ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സജീര്‍ ഇ എം, സി പി ഒ മാരയ സുജിത്ത്, സുരേഷ് ആര് ഡി, സുധീഷ് ചിപ്പി, ഹരീഷ്, ബൈജു, ശ്യാംലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.