പി.എച്ച്.ഡി പ്രവേശനത്തിലും ക്രമക്കേട്; മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ ഗൈഡ് പിന്മാറി
കോഴിക്കോട്: നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം. വിദ്യക്ക് പ്രവേശനം നല്‍കാനായി വിജ്ഞാപനത്തില്‍ പറഞ്ഞതിലും അധികം വിദ്യാര്‍ഥികളെ കാലടി സര്‍വകലാശാല പ്രവേശിപ്പിച്ചെന്നാണ് ആരോപണം. വിവാദത്തിന് പിന്നാലെ വിദ്യയുടെ ഗൈഡ് പിന്മാറി. 2019 ലാണ് വിദ്യ കാലടി സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കുന്നത്. 10 പേര്‍ക്ക് പ്രവേശനം എന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിദ്യ ഉള്‍പ്പെടെ 15 പേര്‍ക്ക് പ്രവേശനം നല്കി. വിദ്യയെ പ്രവേശിപ്പിക്കാനായിരുന്നു അധികമായി അഞ്ചുപേരെ എടുത്തതെന്ന ആരോപണം ഉയര്‍ന്നു. അഞ്ചുപേരെ അധികം പ്രവേശിപ്പിച്ചപ്പോള്‍ പട്ടിക ജാതി വിഭാഗത്തിന് ഒരു സീറ്റ് സംവരണം നല്‍കിയതുമില്ല. പട്ടികജാതി വിദ്യാര്‍ഥിയുടെ പരാതിയില്‍ ഇക്കാര്യം അന്വേഷിച്ച കാലടി സര്‍വകലാശാല പ്രവേശനത്തില്‍ സംവരണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹരജി വന്നപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കാനായി പ്രവേശന നടപടികളെക്കുറിച്ച വിവരാവകാശ മറുപടി നല്‍കിയതിലും ഇടപെടലുണ്ടായി. വിദ്യക്ക് ദിവസങ്ങള്‍ക്കകം മറുപടി നല്കാന് വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെട്ടതായും എസ്.സി.എസ്.ടി സെല്‍ കണ്ടെത്തി. വൈസ് ചാന്‍സലറുടെ ഓഫീസ് വരെ ഇടപെടുന്ന തരത്തിലായിരുന്ന കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം കാലടി സര്‍വകലാശാലയില്‍ നടന്നത്. വിദ്യയുടെ ഉന്നതതല സ്വാധീനം തെളിയിക്കുന്നതാണ് ഈ സംഭവം. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ വിദ്യക്കെതിരെ പൊലീസ് ജാമ്യാമില്ലാ കുറ്റം ചുമത്തി. ഏഴ് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. കേസില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. ഗസറ്റ് അധ്യാപികയായി ജോലി നേടാന്‍ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിദ്യ അട്ടപ്പാടി ഗവണ്മെന്റ് കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തത്.