തീരമേഖലയ്ക്ക് കവചമാകാന്‍ കാറ്റാടിമരങ്ങള്‍; കടല്‍ത്തീരത്തിനൊരു ഹരിത കവചം പദ്ധതി
കാസര്‍കോട്; തീരശോഷണം വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന വലിയപറമ്പ പഞ്ചായത്തിന്റെ തീരമേഖലയ്ക്ക് സുരക്ഷാ കവചമാകാന്‍ കടല്‍ത്തീരത്തിനൊരു ഹരിത കവചം പദ്ധതി. 24 കിലോമീറ്റര്‍ നീളുന്ന തീരദേശ മേഖലയില്‍ കടലിലേക്കുള്ള മണ്ണൊലിപ്പ് തടയാന്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 50,000 കാറ്റാടിത്തൈകള്‍ പദ്ധതിയിലൂടെ വെച്ചുപിടിപ്പിക്കും. ഇതിനായുള്ള കാറ്റാടിത്തൈകള്‍ നഴ്സറിയില്‍ തയ്യാറായിക്കഴിഞ്ഞു. അഞ്ച് മാസം മുമ്പ് വിത്ത് പാകി മുളപ്പിച്ചെടുത്ത കാറ്റാടിത്തൈകള്‍ വളര്‍ന്നുകഴിഞ്ഞു. കാറ്റാടിത്തൈകള്‍ പഞ്ചായത്ത് തന്നെ മുന്‍കൈയെടുത്ത് വിത്തുകള്‍ ശേഖരിച്ച് പാകുകയായിരുന്നു. അടുത്ത മാസത്തോടെ തീരദേശ വാര്‍ഡുകളില്‍ നട്ടുതുടങ്ങും. കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് പകരം കാറ്റാടി വെച്ചുപിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹാര്‍ദ്ദമായ പ്രതിരോധം തീര്ക്കലാണ്് ലക്ഷ്യമിടുന്നത്. കാറ്റാടിത്തൈകള്‍ നിരന്ന് നില്‍ക്കുന്നതോടെ വേരുകള്‍ മണ്ണൊലിപ്പ് തടയും. ഒപ്പം ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനൊപ്പം ഉപ്പുകാറ്റിനെ തടഞ്ഞുനിര്‍ത്തി മികച്ച ജൈവവേലിയായി കാലങ്ങളോളം കാറ്റാടി മരങ്ങള്‍ തീരമേഖലയെ സംരക്ഷിച്ച് നിര്‍ത്തും. കാര്‍ബണ്‍ സന്തുലിതാവസ്ഥ, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കല്‍ കൂടി പദ്ധതിയുടെ ലക്ഷ്യമാണ്.
കടല്‍ത്തീരത്തിനൊരു ഹരിത കവചം പദ്ധതിയിലൂടെ തീരമേഖലയെ സംരക്ഷിക്കാന്‍ 50,000 കാറ്റാടിത്തൈകള്‍ നടുന്ന ആദ്യ പഞ്ചായത്താണ് വലിയപറമ്പ പഞ്ചായത്ത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പദ്ധതി നടപ്പാക്കുമ്പോള്‍ അത്രയും തൊഴില്‍ ദിനങ്ങളും കൂടി തീരമേഖലയിലെ താെഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം 25,000 കാറ്റാടിത്തൈകള്‍ തീരത്ത് നട്ട് കേരളത്തിന് തന്നെ മാതൃകയായ പഞ്ചായത്താണ് വലിയപറമ്പ്. തീരശോഷണവും മണ്ണൊലിപ്പും പ്രകൃതിയെ കൊണ്ട് തന്നെ പ്രതിരോധിക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. – വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്.