കാസർകോട്ടെ വിദ്യാർഥികൾക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തിന് ഇരയായ സംഭവത്തിൽ പൊലീസ് അക്രമികളുടെ പക്ഷം പിടിച്ചെന്ന് ആരോപണം
മംഗളൂരു : ആഭ്യന്തര മന്ത്രിയും സർകാരും സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കുമ്പോൾ ഉള്ളാൾ പൊലീസിന് വേറിട്ട സമീപനം എന്ന് ആക്ഷേപം. ഈ മാസം ഒന്നിന് ഉള്ളാൾ സോമേശ്വരം കടൽത്തീരത്ത് കാസർകോട് സ്വദേശികൾ കോളജ് വിദ്യാർഥികൾ സദാചാര ഗുണ്ടായിസത്തിന് ഇരയായ സംഭവത്തിലാണ് പൊലീസ് അക്രമികളുടെ പക്ഷം പിടിച്ചതെന്നാണ് ആരോപണം.
സന്ധ്യക്ക് ശേഷം ഏഴരയോടെ അക്രമം നടന്ന സ്ഥലത്ത് നിന്ന് തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സബ് ഇൻസ്പെക്ടർ വെള്ളക്കടലാസിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചതായി പരുക്കേറ്റ വിദ്യാർഥികളിൽ ഒരാൾ മംഗ്ളുറു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അതിനെ ചോദ്യം ചെയ്തപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയും മോശം ഭാഷ പ്രയോഗിക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു. ഈ പ്രശ്നം ഗൗരവമായാണ് കാണുന്നതെന്ന് കമീഷണർ കുൽദീപ് കുമാർ ജയിൻ അറിയിച്ചു. അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂടി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡികൽ വിദ്യാർഥികളായ മൂന്ന് മലയാളി ആൺകുട്ടികളും പെൺകുട്ടികളും ബീചിൽ സായാഹ്നം ചിലവിടുന്നതിനിടെയായിരുന്നു സദാചാര ഗുണ്ടായിസം നടന്നതെന്നാണ് പറയുന്നത്. സിറ്റി പൊലീസ് കമീഷണർ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കാംപ് ചെയ്ത് മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല സെക്രടറിയും സംഘവും ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവിടെ ഉണ്ടായിരുന്ന കമീഷണർ ആവശ്യം നിരാകരിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്.