ഗോവധ നിരോധനം, ഹിജാബ്: പുരോഗമനത്തിന് തടസ്സമായ എല്ലാ നിയമങ്ങളും പൊളിച്ചെഴുതുമെന്ന് പ്രിയങ്ക് ഖാര്‍ഗെ
ബെംഗളൂരു: കർണാടകയിലെ ബിജെപി മുന്‍ സർക്കാരിന്റെ ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും വൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നുവെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ.ഗോവധ നിരോധന നിയമം പുരോഗതിക്ക് തടസ്സമാണെന്ന നിഗമനം കോൺഗ്രസ് എടുത്തതല്ലെന്നും ബിജെപി സർക്കാരിന്റെ ധനകാര്യ വകുപ്പിന്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവധ നിരോധനം, ഹിജാബ് നിയമങ്ങൾ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്ക് തടസ്സമായ പിന്തിരിപ്പനായ നിയമങ്ങൾ എല്ലാം മാറ്റുമെന്നും രാഷ്ട്രീയമല്ല, സാമ്പത്തിക ശാസ്ത്രമാണ് കോൺഗ്രസ് സർക്കാറിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ഗോവധ വിരുദ്ധ ബിൽ ബിജെപിയുടെ നാഗ്പൂരിലെ മുതലാളിമാരെ പ്രീതിപ്പെടുത്താൻ മാത്രമാണ് തയ്യാറാക്കിയത്. സംസ്ഥാനത്തെ കർഷകരെയോ വ്യവസായികളെയോ ഈ നിയമം സന്തോഷിപ്പിച്ചിട്ടില്ല. വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഈ ബിൽ പുനഃപരിശോധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികൾക്ക് തീറ്റ നൽകാനുള്ള പദ്ധതി അടക്കം പശു സംരക്ഷണവുമായി ബന്ധപ്പെട്ട ബിജെപിയുടെ മറ്റ് പദ്ധതികളും സാമ്പത്തിക ബാധ്യതകളായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു.
ബിജെപിയുടെ കണക്ക് പ്രകാരം ഒരു പശുവിന് പ്രതിദിനം 70 രൂപ വീതം നൽകുമെന്നായിരുന്നു. അവർ എങ്ങനെയാണ് ഈ കണക്ക് കൊണ്ടുവന്നതെന്ന് എനിക്കറിയില്ല. സംസ്ഥാനത്തെ 1.7 ലക്ഷം കന്നുകാലികളെ പോറ്റാൻ 5,240 കോടി രൂപ ചെലവിടേണ്ടിവരും. ഒരു സർക്കാർ എന്ന നിലയിൽ എല്ലാ കുട്ടികളെയും സ്കൂളിൽ നിലനിർത്തുന്നതല്ലേ മുൻഗണന. ഒരു പ്രത്യേക നയം പിന്തിരിപ്പനും കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റിനിർത്തുന്നതുമാണെങ്കിൽ, ഞാൻ അത് നിലനിർത്തണോ അതോ റദ്ദാക്കണോ എന്ന് ആലോചിക്കേണ്ടിവരുമെന്നും ഹിജാബ് വിവാദം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.