മംഗളൂരു: മംഗളൂരുവിനടുത്ത കൊണാജെയില്‍ മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊണാജെ പൊലീസ് മൂന്നുയുവാക്കളെ അറസ്റ്റ് ചെയ്തു. ചാവൂര് ഉഗ്ഗനബെയിലെ കിരണ്‍കുമാര്‍(26), ബംഗാരപദെയിലെ ഗുണപാല്‍(25), നീര്മാര് ഗവണ്ടേമാറിലെ സുഭാഷ്(29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 10ന് കൊണാജെ പൊലീസ് സ്റ്റേഷന് പരിധിയിലെ മലാറയിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നുപേരും റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മദ്രസാവിദ്യാര്ത്ഥിനികളോട് ഉഗ്ഗനബെയ്ലിലേക്കുള്ള വഴി ചോദിച്ചിരുന്നു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പെണ്‍കുട്ടികളെ യുവാക്കള്‍ പിടികൂടി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു.പെണ്‍കുട്ടികള്‍ ഇവരുടെ കയ്യില്‍ കടിച്ച ശേഷം ഓടി രക്ഷപ്പെടുകയാണുണ്ടായത്. വിദ്യാര്‍ത്ഥിനികള്‍ മദ്രസയിലെത്തി വിവരം പറഞ്ഞതോടെ മദ്രസാ അധികൃതര്‍ പെണ്‍കുട്ടികളെയും കൂട്ടി കൊണാജെ പൊലീസില്‍ പരാതി നല്കുകയാണുണ്ടായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.മൂന്നുപേര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗശ്രമം, കൊലപാതകശ്രമം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.