അനിയന്ത്രിത വില വര്‍ദ്ധന; കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍
കോഴിക്കോട്: ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും 14-ാം തീയതി അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വര്‍ദ്ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ വില്‍പ്പന വില, ഇത് ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ്. ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന ജില്ലാ പ്രസിഡന്റ് കെ.വി റഷീദ് പറഞ്ഞു. ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി, ട്രഷറര്‍ സി.കെ. അബ്ദുറഹ്മാന്, ആക്ടിംഗ് സെക്ടട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ഭാരവാഹികളായ സാദിഖ് പാഷ, സിയാദ്, ആബിദ്, അലി കുറ്റിക്കാട്ടൂര്‍, നസീര്‍ പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു