നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടോടി, കൂട്ടനിലവിളി, രക്ഷകനായത് ബൈക്ക് യാത്രികന്
കോട്ടയ്ക്കല്‍:കോട്ടയ്ക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ വേഗത്തില്‍ പിന്നോട്ടോടി. കാറിലുണ്ടായിരുന്ന പെണ്കുട്ടിയടക്കമുള്ളവര് നിലവിളിച്ചെങ്കിലും ആരും രക്ഷയ്ക്കെത്തിയില്ല. ഒടുവില്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ പി. സുധീഷ് ജീവന് പണയംവെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം കാറിലുണ്ടായിരുന്ന കുടുംബത്തെയും മറ്റുള്ളവരെയും രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം അടുത്തുള്ള സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ കണ്ടവരൊക്കെ സുധീഷിന് അഭിനന്ദനവുമായെത്തി.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തെന്നലയുള്ള കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന ആള് കാര്‍ ഓഫാക്കാതെ ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയശേഷം സമീപത്തുള്ള ബാങ്കില്‍ പോയി. അകത്തുണ്ടായിരുന്നവരുടെ കൈതട്ടിയോ മറ്റോ ഹാന്‍ഡ് ബ്രേക്ക് റിലീസായി കാര്‍ പിറകോട്ട് ഓടിയെന്നാണ് കരുതുന്നതെന്ന് സുധീഷ് പറഞ്ഞു. ആ സമയത്ത് കാറില്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന പെണ്‍കുട്ടി സീറ്റില്‍നിന്ന് സാധനങ്ങളെടുക്കുന്നതിനിടെയാണ് കാര്‍ പിന്നോട്ടു നീങ്ങിയത്. ഈ സമയം ഇതുവഴി ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോയിരുന്നു. കാര്‍ റോഡിന്റെ മറുവശത്തേക്ക് കടന്നു. ഇതുകണ്ട സുധീഷ് മുന്‍വശത്തെ ഡോര്‍ തുറന്ന് ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി ഹാന്‍ഡ് ബ്രേക്കിട്ട് കാര്‍ നിര്‍ത്തുകയായിരുന്നു. കോട്ടയ്ക്കല്‍ കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരനാണ് സുധീഷ്.