വ്യാജരേഖ കേസ്; മുൻ എസ് എഫ് ഐ നേതാവ് വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി, ഗവർണർക്ക് പരാതി നൽകി കെ എസ് യു
കൊച്ചി: ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥിനിയും മുൻ എസ് എഫ് ഐ നേതാവുമായ കെ വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ്. ഏഴുവർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്.
അതേസമയം, വിദ്യയ്ക്കെതിരെ പരാതി നൽകുന്നതിൽ കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജ് ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് അടിയന്തര കൗൺസിൽ യോഗം ചേരും.
വ്യാജരേഖ ചമച്ചതിൽ വിദ്യയ്ക്കെതിരെ കെ എസ് യു ഗവർണർക്കും ഡി ജി പിക്കും പരാതി നൽകി. കേസിൽ എസ് എഫ് ഐയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇടതുപക്ഷ അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യറാണ് പരാതി നൽകിയത്.
ഗസ്റ്റ് ലക്ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് കാസർകോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യാ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.കാസർകോട് കോളേജിലും വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചിരുന്നു.
കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ താത്കാലിക അദ്ധ്യാപികയായി ജോലി നേടിയത് മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്.