പരീക്ഷ എഴുതാതെ പാസായി; കാരണം സോഫ്റ്റ്വെയറിലെ പിഴവ്..! കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണവുമായി പരീക്ഷാ കണ്ട്രോളര്
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിശദീകരണവുമായി പരീക്ഷ കണ്ട്രോളര്. മാര്‍ക്ക് ലിസ്റ്റില്‍ ആര്‍ഷോ പരീക്ഷ പാസായി എന്ന് രേഖപ്പെടുത്തിയത് സോഫ്റ്റ്വെയറിലെ പിഴവ് കാരണം ആയിരിക്കാമെന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണം. കോളജ് പ്രിന്‍സിപ്പലിനാണ് പരീക്ഷാ കണ്ട്രോളര് വിശദീകരണം നല്‍കിയത്. പി.എം ആര്‍ഷോയുടെ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റാണ് വിവാദമായത്. പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍, പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു വിഷയത്തിലും മാര്‍ക്ക് കാണിച്ചിട്ടില്ലാത്ത മാര്‍ക്ക് ലിസിറ്റിലാണ് ആര്‍ഷോ പരീക്ഷ പാസായി എന്നാണ് എഴുതിയത്. എന്നാല്‍, മാര്‍ക്ക് ലിസ്റ്റ് വിവാദമായതോടെ ഇത് തിരുത്തി കോളജ് രംഗത്തെത്തി. ആര്‍ഷോ ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റാണ് കോളജ് അധികൃതര്‍ തിരുത്തിയത്. ആര്‍ഷോ തോറ്റതായി രേഖപ്പെടുത്തി മാര്‍ക്ക് ലിസ്റ്റ് പുതുക്കി. ആര്‍ഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാല്‍ തോറ്റു എന്നുമാണ് പുതിയ മാര്‍ക്ക് ലിസ്റ്റിലുള്ളത്. അതേസമയം, മൂന്നാം സെമസ്റ്റര്‍ പരീക്ഷ താന്‍ എഴുതിയിട്ടില്ലെന്നും മാര്‍ക്ക് ലിസ്റ്റോ ഫലമോ കണ്ടിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു. സംഭവത്തില്‍ കോളജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആര്‍ഷോയുടെ പ്രതികരണം. എഴുതാത്ത പരീക്ഷയായതു കൊണ്ടുതന്നെ അതിന്റെ ഫലം വന്നതും തന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഫലം പരിശോധിച്ചിട്ടുമില്ല. മാര്‍ക്ക് ലിസ്റ്റ് കണ്ടിട്ടുമില്ല. എഴുതാത്ത പരീക്ഷ വിജയിപ്പിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരമൊരു പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം ഉണ്ടാവണം. ആരുടെ ഭാഗത്താണ് ആ പോരായ്മ ഉണ്ടായതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എക്സാം കണ്ട്രോളര് ഉള്‍പ്പെടെയുള്ളവര്‍ക്കായിരിക്കും. അന്വേഷണം വേണമെന്നും ഗുരുതരമായ പിഴവാണതെന്നും ആര്‍ഷോ വിശദമാക്കിയിരുന്നു.