വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
കാസര്‍കോട് :ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 34 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാറഡുക്ക, പള്ളിക്കര, ബളാല്‍, മൊഗ്രാല്‍ പുത്തൂര്‍, ബേഡഡുക്ക, കയ്യൂര്‍ ചീമേനി, കോടോം ബേളൂര്‍, പിലിക്കോട്, പൈവളിഗെ, കുംബഡാജെ, മുളിയാര്‍, ചെമ്മനാട്, മടിക്കൈ, പുത്തിഗെ, പനത്തടി, ഈസ്റ്റ് എളേരി, എന്മകജെ, ബദിയടുക്ക, അജാനൂര്‍, മീഞ്ച, കുറ്റിക്കോല്‍ മഞ്ചേശ്വരം, ദേലംപാടി, വെസ്റ്റ് എളേരി, ചെറുവത്തൂര്‍, പടന്ന, കിനാനൂര്‍ കരിന്തളം, ഉദുമ, മഞ്ചേശ്വരം, ചെങ്കള, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തുകളുടെയും നീലേശ്വരം നഗരസഭയുടെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സംസാരിച്ചു.സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്കുന്ന മാലിന്യ നിര്‍മാജന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ പ്രാഥമിക പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ യോഗത്തില്‍ അറിയിച്ചു. മാലിന്യ സംസ്കരണം അടിയന്തിര പ്രശ്നമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകളുടെ ഫണ്ടില്‍ ഇതിനായി എത്ര തുക മാറ്റിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കാസര്‍കോട് നഗരസഭയുടെ നടപ്പ് വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിന് യോഗം അംഗീകാരം നല്കി. ജില്ലാ പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത കൊറഗ കോളനി സമഗ്ര വികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊറഗ വിഭാഗത്തിലെ എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നടത്തിയ സി.എന്‍.സി മെഷീന് ഓപ്പറേററ്റര്‍ കോഴ്സ് പൂര്‍ത്തിയാക്കി വ്യവസായ മേഖലയില്‍ ജോലി ലഭിച്ച 13 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ആസൂത്രണ സമിതി അംഗങ്ങളായ വിവി.രമേശന്, ജാസ്മിന് കബീര്‍, നജ്മ റാഫി, സി.ജെ.സജിത്ത്, അഡ്വ.എ.പി.ഉഷ, എം.മനു, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.