‘സച്ചിന് പാര്‍ട്ടി വിടില്ല’; റാലിയുമില്ല; തീരുമാനം പാര്‍ട്ടി നിലപാട് അനുസരിച്ച്
കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സച്ചിന് പൈലറ്റ് അനുകൂലികള്‍. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമദിനമായ ഞായറാഴ്ച റാലി നടത്തില്ലെന്നും ഭാവി തീരുമാനം പാര്‍ട്ടിയുടെ നിലപാട് അനുസരിച്ചായിരിക്കുമെന്നും സച്ചിന്റെ വിശ്വസ്തര്‍ വ്യക്തമാക്കി. വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കുന്നത് അടക്കം മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ആവശ്യം.
ഗെലോട്ടുമായുള്ള ഭിന്നത പരിഹരിക്കാനാവാതെ തുടരുന്നതിനാല്‍ സച്ചിന് പാര്‍ട്ടി വിടുമെന്നും പ്രഗതിശീല് കോണ്‍ഗ്രസ് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഊഹാപോഹം മാത്രമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.