ടോൾ ജീവനക്കാരനെ കാർ യാത്രികർ ഹോക്കി സ്റ്റിക്കുകൊണ്ട് തല്ലിക്കൊന്നു; മറ്റൊരു ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ
ബംഗളൂരു: ടോൾ ഗേറ്റ് ജീവനക്കാരനെ കാർ യാത്രക്കാർ തല്ലിക്കൊന്നു. മറ്റൊരു ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ. കർണാടകയിലെ രാമനഗര താലൂക്കിൽ ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ടോൾ നൽകാൻ വിസമ്മതിച്ച ഒരു സംഘം ആളുകൾ ഇവരെ ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
സേഷാഗിരിഹള്ളിയിലെ ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേ ടോൾ പ്ളാസയിലെ ജീവനക്കാരനായ പവൻ കുമാർ (26) ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ മഞ്ചുനാഥിന് (25) മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് കാറിൽ വരികയായിരുന്ന നാലുപേർ രാത്രി പത്തുമണിയോടെ ടോൾ പ്ളാസയിലെത്തി. ഇവർ ടോൾ അടയ്ക്കാൻ വിസമ്മതിച്ചതിനുപിന്നാലെ പ്ളാസയിലെ ജീവനക്കാരും കാർ യാത്രികരുമായി തർക്കമുണ്ടായി.
തർക്കം മുറുകിയപ്പോൾ പവൻ കുമാർ കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു. തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ ഇടപെട്ട് അടിപിടി അവസാനിപ്പിച്ചു. ഈ ദൃശ്യങ്ങൾ പ്ളാസയ്ക്ക് സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. 12 മണിയോടെ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ പവൻ കുമാറിനെയും മഞ്ചുനാഥിനെയും അവിടെ കാത്തുനിന്നിരുന്ന കാർ യാത്രികർ ഹോക്കി സ്റ്റിക്ക് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റാണ് പവൻ കുമാർ മരിച്ചത്. മഞ്ചുനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Toll plaza employee murdered on #Bengaluru – #Mysuru #Expressway@IndianExpress pic.twitter.com/1dSWS2mpvx
— Kiran Parashar (@KiranParashar21) June 5, 2023