19കാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതി ജിനാഫ് പിടിയിൽ
കോഴിക്കോട്: ബിരുദ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാൾ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ചൊവ്വാഴ്ച ഹോസ്റ്റലിൽ നിന്നിറങ്ങിയെങ്കിലും 19കാരി വീട്ടിൽ എത്തിയിരുന്നില്ല. പെൺകുട്ടി തിരികെ എത്താതായതോടെ ഹോസ്റ്റൽ അധികൃതർ വീട്ടിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ശേഷം താമരശേരി ചുരത്തിൽ നിന്ന് വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. താമരശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിന്റെ ഒമ്പതാം വളവിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.