സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു?; പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായി സൂചന
ഡൽഹി : സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് പാർട്ടി വിടുന്നതായി സൂചന. പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായാണ് വിവരം. രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ ജൂണ്‍ 11ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. പ്രഗതിശീല് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചന. രാജസ്ഥാനില്‍ ഡിസംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാസങ്ങൾ നീണ്ടുനിന്ന സച്ചിൻ പൈലറ്റ്-ഗെലോട്ട് തർക്കങ്ങൾക്ക് ഒരാഴ്ച്ച മുമ്പ് പരിസമാപ്തി കുറിച്ചിരുന്നു. ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും ഒന്നിച്ച് നീങ്ങാൻ ധാരണയായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും അറിയിച്ചിരുന്നു. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വെടിനിർത്തൽ ഉണ്ടായത്.
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അറിയിച്ചിരുന്നു. ഇരു നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പു ചർച്ചകൾ ഉണ്ടായത്. എന്നാൽ സച്ചിൻ ഉന്നയിച്ച ആവശ്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവാനും തീരുമാനമായിരുന്നു. വെടിനിർത്തൽ കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് സച്ചിൻ കോൺഗ്രസ് വിടുന്നതായും പുതിയ പാർട്ടി രൂപീകരിക്കുന്നതായും വിവരം പുറത്തുവരുന്നത്.