കേരളത്തിലെ പലയിടങ്ങളിലും വസ്തുവിന് വിലയേറും, ഏറ്റവും വില ലഭിക്കുക ഈ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വർദ്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശം. തരംമാറ്രിയ വസ്തുവിന് തൊട്ടടുത്തുള്ള പുരയിടത്തിന്റെ ന്യായവില നിശ്ചയിക്കും. നിലവുംമറ്റും പുരയിടമായി തരംമാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകൾ ലഭിക്കുകയും അനുമതി ലഭിച്ചവ കുറഞ്ഞ മതിപ്പ് വില രേഖപ്പെടുത്തി വില്പന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യഥാർത്ഥ പുരയിടങ്ങളുടെ ന്യായവില ഇവയ്ക്കും ബാധകമാക്കാൻ തീരുമാനിച്ചത്. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടിയായും രജിസ്ട്രേഷൻ ഫീസായും വൻതുക സർക്കാരിൽ വന്നുചേരും.
ന്യായവിലയുടെ എട്ട് ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും. തരംമാറ്റിയ ഭൂമി മതിപ്പ് വിലയ്ക്ക് പ്രമാണം ചെയ്യുന്നതിനാൽ സർക്കാരിന് ലഭിക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയിൽ കുറവ് വരുന്നു. അതേസമയം, തരംമാറ്റി പുരയിടമാക്കുന്നതോടെ വിപണി വിലയും മൂല്യവും ഉയർന്നിട്ടുണ്ടാവും.
ഭൂമിയുടെ ന്യായവില നിശ്ചയിക്കാനുള്ള അധികാരം ആർ.ഡി.ഒ മാർക്കാണ്. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റാനുള്ള അനുമതി നൽകിയതോടെ വൻതോതിലാണ് തരംമാറ്റ അപേക്ഷ ലഭിച്ചത്. രണ്ടര ലക്ഷത്തോളം കടലാസ് അപേക്ഷകൾ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റവന്യു വകുപ്പ് തീർപ്പാക്കിയത്. 2022 ജനുവരി ഒന്നു മുതൽ തരംമാറ്റത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2023 മേയ് 30 വരെ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഓൺലൈൻ വഴി കിട്ടിയത്. ഇതും വേഗത്തിൽ തീർപ്പാക്കും.