കണ്ടല്‍ വളരും കണ്ടലോരം പദ്ധതിയിലൂടെ… പദ്ധതിക്ക് തുടക്കമിട്ട് വലിയ പറമ്പ പഞ്ചായത്ത്
കാസര്‍കോട്: ജൈവ വൈവിധ്യവും കാര്‍ബണ്‍ സന്തുലിതാവസ്ഥയും ലക്ഷ്യമിട്ട് കണ്ടല്‍ക്കാടുകള്‍ സമൃദ്ധമാക്കാനൊരുങ്ങി വലിയ പറമ്പ ഗ്രാമപഞ്ചായത്ത്. നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ മാടക്കാലില്‍ തുടക്കമായി. കണ്ടല്‍ച്ചെടികള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ മിഷ്ടി (മാന്‍ഗ്രൂവ് ഇനീഷ്യേറ്റീവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്സ് ആന്റ് ടാന്‍ജിബിള്‍ ഇന്‍കംസ് ) പദ്ധതിയുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി കണ്ടല്‍ത്തൈകള്‍ നട്ട് ഉദ്ലാടനം ചെയ്തു. മിഷ്ടി പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്കരണ വിഭാഗം ഒരു ഹെക്ടര്‍ തീരത്ത് 2500 കണ്ടല്‍ തൈകള്‍ നട്ടു. കണ്ടലോരം പദ്ധതി അഭിമാന പദ്ധതിയാക്കാനൊരുങ്ങുകയാണ് വലിയ പറമ്പ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പതിനയ്യായിരം കണ്ടല്‍ത്തൈകള്‍ കവ്വായി തീരത്ത് വെച്ചുപിടിപ്പിക്കും. വിവിധ ഇനം കണ്ടല്‍ത്തൈകള്‍ ഇതിനായി നട്ടുവളര്‍ത്തുകയാണ്. പിന്നീട് പഠന, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാര പ്രദമാകുന്ന തരത്തില്‍ കണ്ടല്‍ച്ചെടി നഴ്സറി തുടങ്ങാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന് പറഞ്ഞു. കണ്ടല്‍ ടൂറിസവും കണ്ടല്‍ ഗവേഷണ കേന്ദ്രവും പ്രദേശത്ത് തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, മുഖ്യാതിഥിയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ.വി.ഗോവിന്ദന്, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.അനില്‍ കുമാര്‍, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്, ഇ.കെ. മല്ലിക, പഞ്ചായത്ത് അംഗം എം.താജുന്നിസ, പഞ്ചായത്ത് ഭരണ സമിതി അംഗം എം.അബ്ദുള്‍ സലാം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡി.വി.അബ്ദുല്‍ ജലീല്‍, കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.പി.ശ്രീജിത്ത്, നീലേശ്വരം ബി.ഡി.ഒ ടി.രാഗേഷ്, ജോയിന്റ് ബി.ഡി.ഒ എ.വി.സന്തോഷ് കുമാര്‍, വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാര്‍, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.ധനേഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യന് നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കാളികയായി.