ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടപ്പുറത്ത് ഫുട്ബോള്‍കളിക്കുശേഷം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒളവണ്ണ ചെറുകര കുഴിപുളത്തില്‍ അബ്ദുള്‍ താഹിറിന്റെ മകന് കെ.പി. മുഹമ്മദ് ആദില്‍ (18), ഒളവണ്ണ ചെറുകര ടി.കെ. ഹൗസില്‍ അബ്ദുറഹീമിന്റെ മകന് ടി.കെ. ആദില്‍ ഹസനെ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു.
രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ടില്‍നിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചേ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്ബോള്‍ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാന്‍വേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.
കുളിക്കുന്നതിനിടെ ആദില്‍ ഹസനാണ് ആദ്യം തിരയില്‍പ്പെട്ടത്. ഇതുകണ്ട് മുഹമ്മദ് ആദിലും ഒപ്പമുണ്ടായിരുന്ന മറ്റൊരുസുഹൃത്ത് നദീറും (17) കടലിലിറങ്ങി രക്ഷിക്കാന്‍ശ്രമിച്ചു. എന്നാല്‍, പെട്ടെന്നുവന്ന തിരയില്‍ മുഹമ്മദ് ആദില്‍ പെട്ടുപോകുകയായിരുന്നു. നദീറിനെ തീരത്തുണ്ടായിരുന്നവര്‍ കരയ്ക്ക് കയറ്റുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കോസ്റ്റല്‍ പോലീസില്‍ മൊഴിനല്‍കി.