എംഡിഎംഎയുമായി യുവതികള്‍ അറസ്റ്റില്‍; പിടികൂടിയത് സ്കൂട്ടറില്‍ പോകുമ്പോള്‍
തൃശൂര്‍: കൂനംമൂച്ചിയില്‍ പതിനേഴര ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്.
സ്കൂട്ടറില്‍ എംഡിഎംഎയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. ലഹരി വില്പന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സുരഭി ഫിറ്റ്നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു. കുന്നംകുളം എ.സി.പി ടി.എസ് സിനോജും ഇന്‍സ്പെക്ടര്‍ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തും എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. അമ്പലത്തിന്‍കാല സ്വദേശികളായ കിരണ്‍കുമാര്‍, നിവിന്‍.എസ്.സാബു എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് കിരണ്‍കുമാര്‍ പിടികൂടിയത്. അമ്പലത്തിന്‍കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിവിനെ പിടിച്ചത്.