പിഴ ഈടാക്കുക ഏഴ് കുറ്റങ്ങൾക്ക് , നാലു വയസിന് മുകളിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ എ ഐ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. രാവിലെ എട്ട് മണിമുതലാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ആരംഭിച്ചത്. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂർത്തിയായിരുന്നു. ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിന് താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹന യാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.
ക്യാമറകൾ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്.