കരുതലിന് കൂട്; 20 കുടുംബങ്ങള്‍ക്ക് വീടിന്റെ അടച്ചുറപ്പേകി ലൈഫ് മിഷന്
കാസര്‍കോട്; സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ചെമ്പക്കാട് പട്ടികവര്‍ഗ്ഗ കോളനിയില്‍ 20 വീടുകള്‍ പൂര്‍ത്തീകരിച്ചു. ‘ കരുതലിന് കൂട് ‘ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ കൈമാറ്റവും സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ബാക്കി വരുന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഉദ്ഘാടന വേളയില്‍ എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ഭവനരഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടും അന്തസ്സാര്‍ന്ന ജീവിതവും ലഭ്യമാക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം ലക്ഷ്യത്തിലെത്തുകയാണെന്നും കേരളത്തില്‍ ഇതുവരെ 4 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു എന്നും ഒരു ലക്ഷം വീടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്കിയ എല്ലാ വാഗ്ദാനങ്ങളും വിജയകരമായി പാലിച്ചുവരുകയാണന്നും മൂന്ന് വര്‍ഷം കൊണ്ട് അതിദാരിദ്ര്യര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു.5 സെന്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചിലവഴിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വി.ഇ.ഒ എ.ജിനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ചെമ്പക്കാട് നാരായണന്, പി.ശ്രുതി, ജില്ല ട്രൈബല്‍ ഓഫീസര്‍ മല്ലിക, ആസൂത്രണ സമിതി അംഗം എം.അനന്തന്, ഇ.കുഞ്ഞിരാമന് പായം, ടി.രാമകൃഷ്ണന് കുണ്ടൂച്ചി, എസ്.ടി പ്രമോട്ടര്‍ മഞ്ജുഷ, സംഘാടന സമിതി കണ്‍വീനര്‍ എം.സുകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എസ്.സജാദ് സ്വാഗതവും സദാനന്ദന് പോള നന്ദിയും പറഞ്ഞു.