പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണം; ജില്ലാ വികസന സമിതി
കാസര്‍കോട്: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സീറ്റ് വര്‍ധനവ് കൂടാതെ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള സ്കൂളുകളില്‍ അധിക ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം.അഷറഫ് എം.എല്‍.എ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു.
ദേശീയ പാത നവീകരണവുമായി ബന്ധപ്പട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്ന് അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് ജൂണ്‍ അവസാന വാരത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ടാറ്റ ട്രസ്റ്റ് ഗവണ്മെന്റ് ആശുപത്രിയുടെ ഭൂമി കൈമാറ്റം പ്രൊപ്പോസല്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര് അറിയിച്ചു.
കാവുങ്കാല്‍, പള്ളഞ്ചി ഒന്ന്, രണ്ട് പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗതി സംബന്ധിച്ച് അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി. സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി വേഗത്തില്‍ പ്രവൃത്തികള്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. എടപ്പറമ്പ കോളിച്ചാല്‍ മലയോര ഹൈവേ നിര്‍മ്മാണത്തിനായി വനം വകുപ്പിന് നഷ്ടമാകുന്ന ഭൂമിക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കുന്നതിന് ഭീമനടി വില്ലേജിലെ കമ്മാടംകാവിന്റെ
ഭൂമിയുടെ രേഖകള്‍ വനം വകുപ്പിന്റെ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റോഡ് നിര്‍മ്മാണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കണമെന്ന് അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. പെരിയ-ഒടയഞ്ചാല്‍ റോഡില്‍ കല്ല്യോട്ട് റോഡ് വികസനത്തിന് തടസ്സമായുള്ള കയ്യേറ്റങ്ങള്‍ ജൂണ്‍ പത്തിനകം ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ സമയ ബന്ധിതമായി തന്നെ നടപ്പാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. ദേശീയ പാത നവീകരണവുമായി ബന്ധപ്പട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജൂണ്‍ 15ന് യോഗം ചേരാന്‍ തീരുമാനിച്ചു.
ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക ആര്.ടി.സി ഏര്‍പ്പെടുത്തിയ യാത്രാ കണ്സഷന് കെ.എസ്.ആര്.ടി.സി.യുടെ ഭരണസമിതി വിലയിരുത്തുകയും കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി സീസണ് ടിക്കറ്റ് മാതൃകയില്‍ 30 ശതമാനം നിരക്കിളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുന്നതിന് തീരുമാനിച്ചതായി ജില്ലാ വികസന സമിതി യോഗത്തില്‍ കെ.എസ്.ആര്.ടി.സി പ്രതിനിധി അറിയിച്ചു. 30 ശതമാനം എന്നത് 50 ശതമാനമായി ഉയര്‍ത്തണമെന്ന് എ.കെ.എം.അഷറഫ് എം.എല്‍.എ പറഞ്ഞു.
മെഡിക്കല്‍ കോളേജിലേക്കുള്ള ഏല്ക്കാനം- പള്ളം-പജ്ജാനം റോഡിന് അനുവദിച്ച അധിക പ്രവൃത്തി മഴക്കാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് എ.കെ.എം.അഷറഫ് എം.എല്‍.എ പറഞ്ഞു. കുഞ്ചത്തൂര്‍, ഉദ്യാവര, തുമിനാട് മേഖലയിലെ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ സര്‍വ്വീസുകള്‍ മംഗലാപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും സര്‍വ്വീസ് റോഡ് വഴി സര്‍വ്വീസ് നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്തുകള്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ കുടിവെളള ക്ഷാമം അതിരൂക്ഷമാവുന്ന സാഹചര്യമാണുള്ളത.് ഇതിനാല്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ സാധ്യത പരിശോധിക്കാനും പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദ്ദേശം നല്കി. കോയിപ്പാടി കടപ്പുറത്ത് കാലവര്‍ഷം മുന്‍നിര്‍ത്തി അടിയന്തിര പ്രവൃത്തിയായി നിലവിലുള്ള ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തിയുടെ ടോപ്പ് അപ്പ് ചെയ്യുന്നതിനു് 10.30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ട്.
കുമ്പള സീനിയര്‍ ബേസിക് സ്കൂളിലെ ക്ലാസ് മുറികള്‍ കാലവര്‍ഷത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് എ.കെ.എം.അഷറഫ് എം.എല്‍.എ പറഞ്ഞു. പൈവളിഗെ മെഗാ സോളാര്‍പാര്‍ക്ക് പരിസരത്തെ റോഡ് നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ സോളാര്‍ പാര്‍ക്ക് പ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കാസര്‍കോട് ക്ലോക്ക് ടവര്‍ മുതല്‍ റെയില്‍വെ സ്റ്റേഷന് പരിസരം വരെ ഭംഗിയാക്കുന്ന പ്രവൃത്തിക്കായി താലൂക്ക് സര്‍വ്വേയറുടെ സാന്നിദ്ധ്യത്തില്‍ റോഡ് വീതി അളന്ന് തിട്ടപ്പെടുത്തുകയും കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ജൂണ്‍ 15 നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെ പഴക്കം ചെന്ന രേഖകള്‍ സംരക്ഷിക്കുന്നതിന് ഡിജിറ്റലൈസേഷന് ഓഫ് റെക്കോഡ്സ് എന്ന പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി രജിസ്ട്രേഷന് ഐ.ജിക്ക് കത്തയക്കുന്നതിനും തീരുമാനിച്ചു.
ബദിയടുക്കയിലെ കുഞ്ചാറില്‍ പാലം പഴക്കം ചെന്ന് നശിച്ചതായും തുടര്‍ന്ന് കവുങ്ങ് പാലത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് പോകുന്നതെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അപകട സാധ്യതയുള്ള ഈ പ്രശ്നം പരിഹരിക്കാന്‍ പാലം നിര്‍മ്മിച്ച് നല്‍കണമെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യാസ ഭവന് കോംപ്ലക്സ്, കാസര്‍കോട് മിനി സിവില്‍ സ്റ്റേഷന്, എക്സൈസ് ടവര്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
കോളിച്ചാല്‍ ചെറുപുഴ മലയോര ഹൈവേയില്‍ കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു പോയ കാറ്റാംകവല ഭാഗം കാലവര്‍ഷത്തിന് മുന്‍പേ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അതീവ അപകടാവസ്ഥയിലുള്ള പരപ്പച്ചാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരി പുന:സ്ഥാപിക്കണമെന്നും കാലവര്ഷത്തോടടുക്കുമ്പോള് ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡുകളിലുണ്ടായ കുണ്ടും കുഴികളും നികത്തണമെന്നും അല്ലെങ്കില്‍ വലിയ വെള്ളക്കെട്ടുകള്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ചീമേനി പോസ്റ്റ് മെട്രിക്ക് ഹോസ്റ്റല്‍, എം.ആര്.എസ് ചുറ്റുമതില്‍ നിര്‍മ്മാണം പ്രശ്നങ്ങള്‍ തീര്‍പ്പാക്കി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. തെക്കെക്കാട്-പടന്ന കടപ്പുറം റോഡ്, തീരദേശ ഹൈവേ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും പൊതുജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള യോഗങ്ങള്‍ ചേരുമെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലയിലെ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും എം. രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു.
ആദിവാസി പഠന, ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി അനുവദിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണമെന്ന് ഇ.ചന്ദ്രശേഖരന് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ വിവിധ താലൂക്കുകളില്‍ ഭൂരഹിത ഭവനരഹിത പട്ടിക വര്‍ഗ്ഗക്കാരുടെ അപേക്ഷകളിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. കാസര്‍കോട് താലൂക്കില്‍ 412, ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ 80, മഞ്ചേശ്വരം താലൂക്കില്‍ 225 വീതം അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കാട്ടുകുക്കെ മുതല്‍ കരിന്തളം വരെ 400 കെവി ലൈന്‍ വലിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ വീടുകള്‍ ഒഴിയേണ്ടുന്ന സാഹചര്യം പരിഗണിച്ച് ഉടുപ്പി-കാസര്‍കോട് 400 കെ.വി ലൈന്‍ നിര്‍മ്മാണത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന് വന്നിട്ടും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയില്‍ മാംസ സംഭരണ യൂണിറ്റ് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ സ്പെഷ്യല്‍ സര്‍വ്വേ ടീമിനെ നിയോഗിക്കാനുള്ള നടപടി സ്വീകരിക്കുവാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
കാസര്‍കോട്-കണ്ണൂര്‍ റൂട്ടില്‍ താഴെപ്പറയുന്ന സമയങ്ങളില്‍ ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു
രാത്രി 8.15 – കണ്ണൂര്‍-കാഞ്ഞങ്ങാട്
രാത്രി 8.50 – കണ്ണൂര്‍-കാഞ്ഞങ്ങാട്
രാത്രി-9.30 കണ്ണൂര്‍-കാസര്‍കോട്
രാത്രി 10.15 കണ്ണൂര്‍-കാസര്‍കോട്
രാത്രി 11.20 കണ്ണൂര്‍-കാസര്‍കോട്
രാത്രി 11.20 കണ്ണൂര്‍-കാസര്‍കോട്
പുലര്‍ച്ചെ 2.50 ന് കാഞ്ഞങ്ങാട് നിന്നും ചെയ്യംകോട്, കാലിച്ചാമരം വഴി ചെറുപുഴ വരെയും, തിരിച്ചുമുള്ള സര്‍വ്വീസ് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തങ്കയത്ത് മെക്കാഡം പൊളിഞ്ഞ് കിടക്കുകയാണെന്നും അത് വലിയ അപകടങ്ങളുണ്ടാക്കുമെന്നും കെ.എസ്.ടി.പി റോഡിലെ ബേക്കല്‍ പാലം വീണ്ടും അപകട ഭീഷണിയിലാണെന്നും എം.പിയുടെ പ്രതിനിധി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവളം -ബേക്കല്‍ ജലപാത സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്ക ജില്ലാകളക്ടര്‍ കെ.ഇമ്പശേകര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയുള്ളൂ എന്ന് ഉള്‍നാടന്‍ ജലഗതാഗതം പ്രതിനിധി അറിയിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷനായി. എം.എല്‍.എമാരായ എ.കെ.എം.അഷറഫ്, എന്‍.എ.നെല്ലിക്കുന്ന്, അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വല്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ.പി.വത്സലന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്.മായ സ്വാഗതം പറഞ്ഞു. വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.