പരാതികള്‍ പരിഗണിച്ച് തുടര്‍പഠനം നടത്തുമെന്ന് അതോറിറ്റി
കാസര്‍കോട്: തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ വളരെ കൃത്യമായി പരിഗണിക്കുമെന്ന് തീരദേശ പരിപാലന അതോറിറ്റി ലീഗല്‍ എക്സ്പേര്‍ട്ട് അംഗം അമൃത സതീശന് പറഞ്ഞു. ഓരോ പരാതിയും പ്രത്യേകം പരിഗണിക്കും. തുടര്‍ പഠനങ്ങള്‍ ഉണ്ടാകും. കമ്മിറ്റി കൂടിയാലോചിച്ച് നല്കാവുന്ന നിര്‍ദേശങ്ങള്‍ നല്‍കും. മാപ്പില്‍ ആവശ്യമായ തിരുത്തലുകള്‍ ഉണ്ടാവും. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പരിധിയില്‍ നിന്നുകൊണ്ട് പരാതികള്‍ പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമര്‍പ്പിക്കും. സംസ്ഥാനത്തെ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അദാലത്തിന്റെ ആറാം ഘട്ടമാണ് ജില്ലയില്‍ നടന്നത്. ജില്ലയില്‍ 21 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് തീരദേശപരിപാലന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. ഏഴ് പഞ്ചായത്തുകള്‍ തീരദേശ പരിപാലന നിയമം കാറ്റഗറി മൂന്നില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ കാറ്റഗറി രണ്ടിലേക്ക് മാറിയിട്ടുണ്ട്. കൂടുതല്‍ ജനപ്രതിനിധികള്‍ പങ്കെടുത്ത പൊതുജനങ്ങള്‍ പങ്കെടുത്ത ഹിയറിംഗ് ആയിരുന്നു ജില്ലയിലേതെന്ന് അവര്‍ പറഞ്ഞു. ഇതുവരെ നടന്ന ഹിയറിംഗില്‍ നിന്ന് വ്യത്യസ്തമായി ജില്ലയിലെ ഭൂസവിശേഷത കൊണ്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ദ്വീപ് സവിശേഷതയുള്ള ഒന്നിലധികം പഞ്ചായത്തുകള്‍ ജില്ലയിലുണ്ട്. പടന്ന, വലിയപറമ്പ, പഞ്ചായത്ത് ജനപ്രതിനിധികളും പൊതുജനങ്ങളും പ്രശ്നങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന ഇളവുകള്‍ കാസര്‍കോട് ജില്ലയ്ക്ക് നല്‍കുമെന്നും അമൃത സതീശന് പറഞ്ഞു.