എഐ ക്യാമറ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം; ഇനിയും ഇടിയുമോ സിപിഎമ്മിന്റെ കണക്കുകള്‍?
സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ് അഥവാ എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതാ ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അറിയേണ്ടതെല്ലാം
പിഴ എങ്ങനെ?
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
കുട്ടികളെ ക്യാമറ തിരിച്ചറിയുമോ?
ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. എഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്റണി രാജു അടുത്തിടെ വ്യക്തമാക്കി. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.
കുറയുമോ നിയമലംഘനങ്ങള്‍?
പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ ആയിരുന്നു. നിലവിൽ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങൾ. പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത് പ്രതീക്ഷിക്കുന്നത്.
കണക്കുമായി സിപിഎം
അതേസമയം എഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കുറഞ്ഞ നിയമലംഘനത്തിന്റെ കണക്കുകളുമായി സി പി എം രംഗത്തെത്തി. റോഡപകടങ്ങളില്‍ ജീവന് പൊലിയുന്നത് ഒഴിവാക്കാനും, അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും കോടതിയുടെ നിര്‍ദ്ദേശമുള്‍പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന റോഡുകളിലും, ജംഗ്ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ചതെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇത് സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ വിജയകരമാണെന്ന് തെളിയിക്കും വിധം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ 1.41 ആയെന്നാണ് വാര്‍ത്തകള്‍ വന്നത്. ഏപ്രില്‍ 20 നാണ് എഐ കാമറ സംവിധാനം സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഏപ്രില്‍ 17-ന് 4,50,552 വാഹനങ്ങള്‍ വിവിധ നിയമലംഘനം നടത്തിയെങ്കില്‍ കഴിഞ്ഞ 24-ന് ഇത് 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടികാട്ടി.
സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇത് എത്രമാത്രം വിപത്കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തടയുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സി പി എം കുറ്റപ്പെടുത്തി.
വിഐപികള്‍ രക്ഷപ്പെടുമോ?
എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസും, ഫയര്‍ഫോഴ്സും, ആംബുലന്‍സും കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ വരുന്നത് ആ ചട്ടം ദുര്‍വ്യാഖ്യാനിച്ച് പ്രമുഖരുടെയെല്ലാം നിയമലംഘനം കണ്ടില്ലന്ന് നടിക്കാൻ നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രി മന്ത്രിമാര്‍ പ്രതിപക്ഷനേതാവ് എംഎല്‍എമാര്‍ മേയര്‍മാര്‍ തുടങ്ങി ഭൂരിഭാഗം ജനപ്രതിനിധികളും നിയമം ലംഘിച്ചാലും നോട്ടീസ് അയക്കാതെ പിഴയില്‍ നിന്നും ഒഴിവാക്കും എന്നാണ് ചില കേന്ദ്രങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്.
ക്യാമറയെയും നിരീക്ഷിക്കും
ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു. ഇതിനായി നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള നിർദേശങ്ങളും ഉയർന്നിരുന്നു.