എരുമേലിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പന ശബ്ദങ്ങൾ, ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്ത്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മേഖലകളിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി.
പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാൽക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്.
ഭൂമിയുടെ ഉള്ളിൽനിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും തുടർന്ന് കാലിൽ തരിപ്പ് ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞിരുന്നു. മുഴക്കം അനുഭവപ്പെട്ട മേഖലകളിൽ ചൊവ്വാഴ്ച ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും കഴിഞ്ഞദിവസം അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി പറയുന്നു.