ഒഡീഷ ട്രെയിൻ അപകടം; മരണസംഖ്യ 280 കടന്നു, ആയിരത്തിലധികം പേർ ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 280 പേര് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. 1000ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഒഡീഷയിലെ ബഹനഗറിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടത്. ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു.
രാത്രി 7.20നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ – ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.