മലപ്പുറം പുളിക്കലിലെ പ്ലാസ്റ്റിക് ഫാക്ടറി അടച്ചുപൂട്ടണം; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്
മലപ്പുറം: മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് പ്രതിഷേധത്തില്‍ കലാശിച്ചു. സാംസ്കാരിക പ്രവര്ത്തകന് റസാക്ക് പയംബ്രോട്ടിന്റെ ആത്മത്യയിലേക്ക് നയിച്ച പ്ലാസ്റ്റിക്ക് സംസ്കരണ കേന്ദ്രത്തിന് സ്റ്റോപ്പ് മെമോ നല്‍കണം എന്നായിരുന്നു യോഗത്തില്‍ യുഡിഎഫ് ആവശ്യം. എന്നാല്‍ സ്റ്റോപ്പ് മെമോ നല്കാന് പഞ്ചായത്തിനധികാരമില്ലെന്ന നിലപാട് യോഗത്തിലും ഭരണ സമിതി ആവര്‍ത്തിച്ചു. തുടര്‍ന്നായിരുന്നു യുഡിഎഫിന്റെ പ്രതിഷേധം സിപിഎം അനുഭാവിയായ റസാഖിന്റെ മരണത്തിന് ശേഷം നടന്ന ആദ്യ ഭരണ സമിതി യോഗത്തില്‍ അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരായ നടപടി ആയിരുന്നു അജണ്ട. യോഗത്തില്‍ കമ്പനി പൂട്ടണമെന്ന് അംഗങ്ങള്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും സാങ്കേതികമായി തടസ്സമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ഇതോടെ യോഗം ബഹിഷ്കരിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ഇറങ്ങി, കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ അധികാരം ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. തുടര്‍ന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.