തെങ്ങിലും കവുങ്ങിലും രോഗകീടബാധകള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം
കാസര്‍കോട്: കാലവര്‍ഷാരംഭത്തോടെ തെങ്ങിലും കവുങ്ങിലും ബാധിക്കാന്‍ ഇടയുള്ള വിവിധ രോഗ കീടങ്ങള്‍ക്കെതിരെ കര്‍ഷകര്‍ മുന്‍കരുതലായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.സി.ആര്.ഐ ഡയറക്ടര്‍ ഡോ.കെ.ബി.ഹെബ്ബാര്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനപരിപാടി ഉദ്ദ്ഘാടനം ചെയ്തു. തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയല്‍, കവുങ്ങിനെ ബാധിക്കുന്ന മഹാളി, ഇലപ്പുള്ളി രോഗം, തെങ്ങിനെ ബാധിക്കുന്ന കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി കീടങ്ങള്‍ക്കെതിരെയും സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കുന്നത് വഴി കീട രോഗബാധ മൂലമുള്ള വിളനഷ്ടം ഒഴിവാക്കാനാവും. തെങ്ങിന്റെ മണ്ട വൃത്തിയാക്കുക. രോഗബാധമൂലം നശിച്ചുപോയ തെങ്ങുകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. തെങ്ങുകളിലെ കൂമ്പ് ചീയല്‍ രോഗത്തെ പ്രതിരോധിക്കാന്‍ മഴക്കാലത്തിനു മുന്നേ ഒരു ശതമാനം വീര്യത്തിലുള്ള 300 മില്ലി ബോര്‍ഡോ മിശ്രിതം നാമ്പോലയുടെ ചവിട്ടില്‍ ഒഴിച്ചുകൊടുക്കണം. കവുങ്ങുകളില്‍ ബോര്‍ഡോ മിശ്രിതം മണ്ടയിലും കുലകളിലും തളിച്ചു കൊടുക്കുന്നത് മണ്ടചീയല്‍ രോഗവും മഹാളിരോഗവും തടയുന്നതിന് സഹായിക്കും. 45 ദിവസങ്ങള്‍ക്ക് ശേഷം ഇത് ഒന്നുകൂടി ആവര്‍ത്തിക്കണം. കാസര്‍കോട് ജില്ലയിലെ വിവിധ കൃഷിഭവനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി തെങ്ങുകളിലും കവുങ്ങുകളിലും മഴക്കാല വിള പരിപാലനം എന്ന വിഷയത്തിലുള്ള പരിശീലന പരിപാടി സി.പി.സി.ആര്.ഐ.യില്‍ സംഘടിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജ്യോതികുമാരി മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.തമ്പാന്, സസ്യരോഗ സംരക്ഷണ വിഭാഗം തലവന്‍ ഡോ.വിനായക ഹെഗ്ഡെ, ശാസ്ത്രജ്ഞ ഡോ.പി.എസ്.പ്രതിഭ എന്നിവര്‍ ക്ലാസ്സെടുത്തു.