ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഉറപ്പാക്കണം,
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍
കാസര്‍കോട്: ജില്ലയില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ഭക്ഷ്യവിഷബാധ തടയണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഹോട്ടലുകളിലെയും കാറ്ററിംഗ് യൂണിറ്റുകളിലെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം. നല്ല ഭക്ഷണം നല്കി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കടകളെ പ്രോത്സാഹിപ്പിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലും കടകളിലും ജലപരിശോധന ഉറപ്പുവരുത്തണം. തീരുമാനം പൂര്‍ണ്ണമായും പാലിക്കുന്നതിനായി ഒരു മാസം സമയം അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകും. തൊഴിലുടമകളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്കിയാല് കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭക്ഷ്യസ്ഥാപനങ്ങള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഭക്ഷ്യസുരക്ഷ ലൈസന്‍സ് രജിസ്ട്രേഷന്, ജീവനക്കാരുടെ മെഡിക്കല്‍ പരിശോധന, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ്, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് വൈ.ജെ.സുബിമോള്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി ഡോ.നിര്‍മ്മല്‍ ജെയ്ന്‍, തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് ഡയറക്ടര്‍ ബി.എന്‍.സുരേഷ്, കെ.അഹമ്മദ് ഷെറീഫ്, എം.വി.പ്രകാശന്, സി.കെ.അജിത് കുമാര്‍, നാരായണ പൂജാരി, സി.എം.ഹസ്സന്, കെ.ജെ.സജി, അബ്ദുല്‍ റിയാസ്, കെ.എസ്.ശിവദാസ്, വിനോദ് കുമാര്‍ ( കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്, കേരള ബേക്കേഴ്സ് അസ്സോസിയേഷന്, കേരള വ്യാപാരി വ്യവസായ സമിതി, കേരള കാറ്ററിംഗ് അസോസിയേഷന്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.