ഇ പോസ് മെഷീനിലെ തകരാർ; റേഷൻ വിതരണം ഇന്നും തടസപ്പെട്ടു
കോഴിക്കോട്: സംസ്ഥാനത്ത് പല ഭാഗങ്ങളിലും റേഷൻ വിതരണം മുടങ്ങി. ഇ പോസ് മെഷീനിലെ തകരാർ മൂലമാണ് ഇന്നത്തേക്ക് റേഷൻ വിതരണം നിർത്തിവച്ചിരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സൗജന്യമായി റേഷൻ വാങ്ങുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തു. ഇതോടെയാണ് ഇ പോസ് മെഷീനിൽ പ്രശ്നമുണ്ടായത്. അപ്ഡേഷൻ നടക്കുന്നതിനാൽ ഇന്നലെ സാധനം വാങ്ങാനെത്തിയവർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നിരുന്നു.
ഇന്ന് രാവിലെ റേഷൻ കടയിലെത്തിയവർ മെഷീനിൽ വിരൽ വച്ചെങ്കിലും, അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് മാത്രമാണ് വന്നത്. വേറെയൊന്നും മെഷീനിൽ കാണിക്കുന്നില്ല. ഇതോടെയാണ് റേഷൻ വിതരണം തടസപ്പെട്ടത്.