തടഞ്ഞുനിർത്തി ആക്രമിച്ചതായ പരാതിയിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട്: വഴി നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി അക്രമിച്ചെന്ന പരാതിയിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അക്ഷയ് എന്ന മുന്ന (28) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകീട്ട് മീപ്പുഗുരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന മൊഗ്രാൽ കോട്ടയിലെ മുഹമ്മദ് ബിലാലിനെ (25) തടഞ്ഞുനിർത്തുകയും ബൈകിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. പരുക്കേറ്റ ബിലാൽ കാസർകോട്ടെ ആശുപത്രിയിൽ ചികിത്സ തേടി.
പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 308 വകുപ്പ് പ്രകാരം നരഹത്യാ ശ്രമത്തിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം അടക്കം കാസർകോട് പൊലീസ് സ്റ്റേഷനിൽ അഞ്ചോളം കേസുകളിൽ പ്രതിയാണ് അക്ഷയ് എന്ന് പൊലീസ് പറഞ്ഞു.