വീണ്ടും കുഴല്‍പ്പണ വേട്ട: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പൊലീസ് പിടികൂടി
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചു. 30 ലക്ഷം രൂപയാണ് പിടിച്ചത്. സംഭവത്തില്‍ ചെമ്മനാട് സ്വദേശി ഹബീബിനെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ക്ലീൻ കാസർകോട് ഓപറേഷന്റെ’ ഭാഗമായാണ് പൊലീസ് ഹവാല വേട്ട ശക്തമാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു കോടിയോളം രൂപയുടെ ഹവാല പണമാണ് ജില്ലയിൽ പൊലീസ് പിടികൂടിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് കുറഞ്ഞിരുന്ന ഹവാല ഇടപാടുകൾ ഇപ്പോൾ വീണ്ടും സജീവമായതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കാസർകോട്ടെ അതിർത്തി പ്രദേശങ്ങളിലൂടെ കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരം പണം മയക്കുമരുന്ന് ഇടപാടുകൾക്കും മറ്റ് അസാന്മാർഗിക പ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഇത്തരക്കാരെ തിരിച്ചറിയാനും സാമ്പത്തിക ഇടപാടിന് പിന്നിലെ വമ്പൻ സ്രാവുകളെ കണ്ടെത്താനുമാണ് ക്ലീൻ കാസർകോട് ഓപറേഷന്റെ രണ്ടാം ഘട്ടത്തിൽ പൊലീസ് ലക്ഷ്യം വെക്കുന്നത്. ഹവാല പണത്തിന്റെ ഉറവിടം മുതൽ എന്തിന് ഉപയോഗിക്കുന്നു, കണ്ണികൾ ആര് തുടങ്ങിയവയൊക്കെ പരിശോധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.