മടവൂരിൽ നിന്ന് തീർഥാടന യാത്ര കഴിഞ്ഞ് മടങ്ങവെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
ബേക്കൽ: ഇനോവ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേർക്ക് പരുക്കേറ്റു. ഹൊസംഗടി മജിബയിലിലെ
അബ്ദുല്ല ഹാജിയുടെ ഭാര്യയും മംഗ്ളുറു ബജ്പെ സ്വദേശിനിയുമായ നഫീസ ഹജ്ജുമ്മ (80) ആണ് മരിച്ചത്. മംഗ്ളൂറിലെ ഉസ്മാന്റെ മകൾ തസ്കീന (17), ഫാസിൽ (27), അബ്ദുല്ലയുടെ മകൻ ഉമറുൽ ഫാറൂഖ് (40), ഇസ്മാഈലിന്റെ ഭാര്യ സുഹ്റ (56) എന്നിവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രക്തസ്രാവത്തെ തുടർന്ന് സുഹ്റയെയും പരുക്ക് ഗുരുതരമായതിനാൽ തസ്കീനയെയും മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മറ്റ് മൂന്ന് പേരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലർചെ 3.40 മണിയോടെയാണ് അപകടം. മടവൂരിൽ നിന്ന് തീർഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിൽ പരുക്കേറ്റവരെ മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റുള്ളവർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകട വിവരമറിഞ്ഞ് ബേക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. നഫീസയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തിൽ ഇനോവ കാർ ഭാഗികമായി തകർന്നു.