കാസർകോട്ടെ മൂന്ന് വിദ്യാർഥികൾക്ക് മർദനം;അക്രമം ഉള്ളാൾ ബീച്ചിൽ വ്യത്യസ്ത മതക്കാര്‍ ഒരുമിച്ച് വന്നതിന്
മംഗളൂരു : ബീചിലെത്തിയ കാസർകോട്ടെ മൂന്ന് വിദ്യാർഥികൾക്ക് നേരെ സദാചാര അക്രമം നടത്തിയതായി പരാതി. സംഭവത്തിൽ ഏഴുപേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ യതീഷ്, സച്ചിൻ, തമോക്ഷിത്ത്, സുഹാൻ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവർ നൽകിയ വിവരമനുസരിച്ച് പിന്നീട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ നാലുപേരും ഹിന്ദുത്വ സംഘടനയിൽപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്.
മംഗ്ളൂറിലെ പാരാമെഡികൽ കോളജിൽ പഠിക്കുന്ന കാസർകോട് ജില്ലയിൽ നിന്നുള്ള മൂന്ന് വിദ്യാർഥികളെ അന്യമതത്തിൽ പെട്ട വിദ്യാർഥിനികളോടൊപ്പം വന്നുവെന്ന് ആരോപിച്ച് ഒരു സംഘം വ്യാഴാഴ്ച വൈകുന്നേരം സോമേശ്വർ ബീചിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതു തടയാൻ ശ്രമിച്ച വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
ബീചിലുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് ഉള്ളാൽ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ദെർളക്കട്ട മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് കേസെടുത്ത് ഏഴ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.