2000 രൂപയ്ക്ക് ചില്ലറ ചോദിച്ച യാത്രക്കാരന് മര്‍ദ്ദനം..! കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
മാവേലിക്കര: ടിക്കറ്റടുക്കാനായി ചില്ലറ ആവശ്യപ്പെട്ട വയോധികനെ മര്‍ദിച്ച സംഭവത്തില്‍ മാവേലിക്കര കെ എസ് ആര് ടിസി ഡിപ്പോയിലെ ജീവനക്കാരന് എം. അനീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവന്‍ രാധാകൃഷ്ണന് നായരെയാണ് അനീഷ് 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചതില്‍ പ്രകോപിതനായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ രാധാകൃഷ്ണന് കെഎസ്ആര്‍ടിസി എംഡിക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഷാജിയാണു സസ്പെന്ഷന് ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 24-ാം തീയതി മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു രാധാകൃഷ്ണന്. അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാന്‍ ഇയാളുടെ കൈവശം ചില്ലറയുണ്ടായിരുന്നില്ല. 13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാര്‍ജ്ജ്. ബസ്സില്‍ കയറിയാല്‍ ചില്ലറ ഇല്ലാത്തത് ബുദ്ധിമുട്ടാവുമെന്ന് കരുതി രാധാകൃഷ്ണന് സ്റ്റേഷന്മാസ്റ്ററുടെ മുറിയിലെത്തി ചില്ലറ ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
2000 രൂപയ്ക്ക് ചില്ലറ തരാന്‍ പറ്റില്ലെന്നും ഈ നോട്ട് ഇപ്പോള്‍ എടുക്കില്ലെന്നും സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞു. നോട്ട് നിരോധിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്തുണ്ടായിരുന്ന ബസ് കണ്ടക്ടറും ഡ്രൈവറും പ്രകോപികതരായി രാധാകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തിന് പുറമെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതികള്‍ വലിച്ച് കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്റെ കൈക്ക് പൊട്ടലുണ്ട്. സ്റ്റേഷന്മാസ്റ്റര് കാര്യം പറയുക മാത്രമാണ് ചെയ്തത്, എന്നാല്‍ അടുത്തുണ്ടായിരുന്ന ഡ്രൈവര്‍ അനീഷും ഒരു കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മാവേലിക്കര പൊലീസും കേസെടുത്തിട്ടുണ്ട്.