നീലേശ്വരം മാലിന്യമുക്ത നഗരസഭ
കാസര്‍കോട്: നീലേശ്വരം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ അനക്സ് ഹാളില്‍ നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എയാണ് പ്രഖ്യാപനം നിര്‍വഹിച്ചത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വിശാന്ത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രന്, പി.സുഭാഷ്, കൗണ്‍സിലര്‍മാരായ റഫീക് കോട്ടപ്പുറം, ഷംസുദ്ദീന് അറിഞ്ചിറ, പി.ബിന്ദു, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത സ്വാഗതവു ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ടി.അജിത് നന്ദിയും പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്പന നടത്തുന്നവര്‍ക്കും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും എതിരെ നഗരസഭ കനത്ത തുക പിഴ ഈടാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസ കാലയളവില്‍ ഈ ഇനത്തില്‍ ഒരു ലക്ഷം രൂപയോളം നഗരസഭ പിഴ ഈടാക്കിയിട്ടുണ്ട്.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രധാന ഡ്രെയിനേജുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡുകളിലെ തോടുകള്‍ ശുചീകരിച്ചു. വലിച്ചെറിയല്‍മുക്ത കേരളം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ക്ലബ്ബ് ഭാരവാഹികള്‍, വ്യാപാരി- വ്യവസായികള്‍, മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അത്തരത്തില്‍ ശേഖരിച്ച ഒരു ടണ്‍ മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു. നഗരസഭാതല ശുചീകരണം ഏപ്രില്‍ 14ന് കോണ്‍വെന്റ് ജംഗ്ഷനില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടനം ചെയ്തത്.
ആക്രി വ്യാപാരികള്‍, സ്കൂള്‍ അധികൃതര്‍, ഓഫീസ് മേധാവികള്‍, ഹോട്ടല്‍ ഉടമകള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മെയ് 15ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണം നടത്തി. എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് വാര്‍ഡുകള്‍ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി മെയ് 20 ന് നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. 25ന് ബസ്റ്റാന്‍ഡ് പരിസരത്ത് മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. 26ന് രാജാ റോഡ് പരിസരത്ത് ബഹുജന പങ്കാളിത്തത്തോടെ രാത്രികാല ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മെയ് 27ന് മുഴുവന്‍ വാര്‍ഡുകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നഗരസഭ തലത്തിലുള്ള പ്രഖ്യാപനം നടത്തിയത്.