കാസർകോട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഉമറുൽ ഫാറൂഖിനെ മരണം തട്ടിയെടുത്തത് പ്ലസ് ടു വിജയിച്ച് ഉപരിപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ
മുള്ളേരിയ: പള്ളപ്പാടിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പള്ളപ്പാടി നേജിക്കാറിലെ അബ്ദുല്ല മദനി – സുഹ്റ ദമ്പതികളുടെ മകൻ ഉമറുല്‍ ഫാറൂഖിന്റെ (18) വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. പ്ലസ് ടു വിജയിച്ച് ഉപരിപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഫാറൂഖിനെ മരണം തട്ടിയെടുത്തത്.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഫാറൂഖ് സഞ്ചരിച്ച ബൈക് നാട്ടക്കല്ലിനടുത്തുവെച്ച് എതിരേ വന്ന സ്കൂടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഫാറൂഖിനെ ഓടിക്കൂടിയവർ ഉടൻ തന്നെ ചെങ്കളയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.
പള്ളപ്പാടി യൂനിറ്റിലെ സജീവ എസ് എസ് എഫ് പ്രവർത്തകൻ കൂടിയായിരുന്നു ഫാറൂഖ്. സഹോദരങ്ങള്‍: മുഹമ്മദ് ഫാഇസ്, ആമിനത് റശാദ.