ട്രെയിനിലെ തീപിടിത്തം: വിവരങ്ങൾ തേടി എൻ ഐ എ, അക്രമി ലക്ഷ്യമിട്ടത് കേരളം ഇതുവരെ കാണാത്ത വൻ ദുരന്തത്തിന്?
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയിൽ തീ പിടിച്ച സംഭവത്തിൽ എൻ ഐ എ വിവരങ്ങൾ തേടുന്നു. സംഭവത്തെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുന്ന സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാവും വിവരങ്ങൾ ശേഖരിക്കുക. ഇതിന്റെ ഭാഗമായി എൻ ഐ എ സംഘം ഇന്നുതന്നെ സ്ഥലം സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് ഇപ്പോൾ എൻ ഐ എയാണ് അന്വേഷിക്കുന്നത്.
ഏലത്തൂർ ട്രെയിൻ തീവയ്പ്പിന് സമാനമാണ് കണ്ണൂരിൽ ഉണ്ടാതെന്നാണ് എൻ ഐ എയുടെ പ്രാഥമിക വിലയിരുത്തൽ. എലത്തൂരിൽ ഷാരൂഖ് സെയ്ഫി ഇന്ധനം കൊണ്ടുവന്ന് ട്രെയിനിനുള്ളിൽ തളിച്ചാണ് തീ വച്ചത്. അതുപോലെതന്നെയാണ് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും വ്യക്തമാക്കുന്നത്. ബോഗിയിലേക്ക് ഒരാൾ കയ്യിൽ ക്യാനുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യം ബോഗിക്കുള്ളിൽ പുക കണ്ടെന്നും എന്നാൽ പൊടുന്നനെ ബോഗിയിൽ ഒന്നാകെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് സംഭവം കണ്ടവർ പറയുന്നത്. ബോഗിയുടെ ഏതാണ്ടെല്ലാ സ്ഥലത്തുനിന്നും ഒരേസമയം തീ ആളിപ്പടർന്നു എന്നും അവർ പറയുന്നുണ്ട്. ഇരുമ്പ് ഭാഗങ്ങളാണ് കൂടുതൽ എന്നതിനാൽ പെട്രോൾ പോലെ എളുപ്പത്തിൽ തീ പിടിക്കുന്ന ഇന്ധനം ഉപയോഗിക്കാതെ ഇത്തരത്തിൽ തീ പടരിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബോഗിക്കുളളിൽ ഇന്ധനം സ്പ്രേചെയ്ത് കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഫോറൻസിക് പരിശോധനയിലേ ഇക്കാര്യം വ്യക്തമാകൂ.
അതിനിടെ, കേരളം ഇതുവരെ കാണാത്ത തരത്തിലുളള ഒരു വൻ ദുരന്തം ഉണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നോ യാത്രക്കാരില്ലാത്ത ട്രെയിനിന് തീയിട്ടത് എന്നും സംശയിക്കുന്നുണ്ട്. ബോഗി തീ പിടിച്ച സ്ഥലത്തിന് കഷ്ടിച്ച് നൂറുമീറ്റർ മാറിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം. കൂടുതൽ ബോഗികളിലേക്ക് തീ പടരുകയും അത് ഇന്ധന സംഭരണിയിലേക്ക് എത്തുകയും ചെയ്തിരുന്നതെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു.