എലത്തൂരിൽ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനിൽ വീണ്ടും തീപിടിത്തം, ഒരു ബോഗി പൂർണമായും കത്തി, അട്ടിമറിയെന്ന് സംശയം
കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനിൽ വീണ്ടും തീപിടിത്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.
ഏറ്റവും പിറകിലെ മൂന്നാമത്തെ ജനറൽ കോച്ചിലാണ് അഗ്നിബാധ ഉണ്ടായത്. ബോഗി പൂർണമായും കത്തിനശിച്ചു. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. റെയിൽവേ ‘ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് സ്ഥലത്ത് എത്തിച്ചേരാനാകാത്തത് പ്രതിസന്ധിക്കിടയാക്കി.
ബോഗിയിൽ തീ ഇട്ടതാണെന്ന് സംശയിക്കുന്നു എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഒരാൾ ഒരു ക്യാനും കൈയിൽ പിടിച്ച് ബോഗിയിലേക്ക് നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് റിപ്പോർട്ടുണ്ട്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട് ദൃശ്യങ്ങളിലുള്ള ആളെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.