അക്ഷരലോകത്ത് പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി; ജില്ലാതല പ്രവേശനോത്സവം തച്ചങ്ങാട് സ്കൂളില്‍
കാസര്‍കോട്: കളിചിരികളുടെ രണ്ട് മാസത്തെ വേനലവധിക്ക് ശേഷം അക്ഷരലോകത്തേക്ക് പുതിയ കൂട്ടുകാരെ വരവേല്‍ക്കാനൊരുങ്ങി ജില്ലയിലെ സ്കൂളുകള്‍. ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം നിറങ്ങളുടെയും സന്തോഷത്തിന്റെയും ഉത്സവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്കൂളുകള്‍. ജില്ലാതല പ്രവേശനോത്സവം തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണത്തോടെ ആരംഭിക്കുന്ന പ്രവേശനോത്സവത്തില്‍ സ്വാഗത നൃത്തവും പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും അരങ്ങേറും. എം.എല്‍.എമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും. സമഗ്രശിക്ഷാ കേരളം നൂതന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച വിദ്യായത്തനുള്ള അവാര്‍ഡ് ജില്ലാതല പ്രവേശനോത്സവത്തില്‍ വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് റംഷി പട്ടുവത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ അഥീന നാടക-നാട്ടറിവ് വീട് നാട്ടുമൊഴി (വായ്മൊഴി-വരമൊഴിപ്പാട്ടുകള്) അവതരിപ്പിക്കും.