മഞ്ചേശ്വരം: അതിർത്തിയിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് കടത്ത് പിടിച്ചത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാസ്പോര്‍ട്ട് ബസിലാണ് രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ച 22 കിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് സി.ഐ സച്ചിദാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ബസ് യാത്രക്കാരന് ഓടി രക്ഷപ്പെട്ടു. ഇയാളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി മുരളീധരന്, പ്രിവന്റീവ് ഓഫീസര്‍ വി. ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജനാര്ദ്ദനന്, നിതീഷ് വൈക്കത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്കിയ സി.ഐ സച്ചിദാനന്ദനെ കാസര്‍കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍ കുമാര്‍ എത്തി അഭിനന്ദിച്ചു.