തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം…!482 ബാലറ്റുകള്‍ കാണാനില്ല
കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന് വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവര്‍ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാലറ്റുകള്‍ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണ്. സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം. കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച പെട്ടികള്‍ കാണാതായത് വലിയ വിവാദമായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവില്‍ മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നാണ് ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച പെട്ടികള്‍ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സബ് ട്രഷറിയില്‍നിന്ന് നീക്കം ചെയ്തപ്പോള്‍ പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ അബദ്ധത്തില്‍ മാറ്റിയതാണെന്നായിരുന്നു അന്ന് നല്കിയ വിശദീകരണം.